ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിനു സമീപം പമ്പാ നദിയിൽ ചൂണ്ടയിടുന്നതിനിടെ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്കുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം. പ്രദേശത്തു മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂടാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് കുടുങ്ങിയത്.
യുവാക്കൾ ആറ്റിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടെ വലിയ ഭാരമുള്ള എന്തോ ഒന്ന് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. വലിയ മീൻ കുടുങ്ങിയെന്ന ധാരണയിൽ ചൂണ്ട വലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് യുവാക്കൾ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയിൽ താണു കിടക്കുന്ന നിലയിൽ ഒരു ചാക്കുകെട്ട് കണ്ടത്. തുടർന്ന് ഇതു കരയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മനുഷ്യന്‍റെ തലയോട്ടി, കൈയുടെയും കാലിന്‍റെയും എല്ലിൻകഷ്ണങ്ങൾ, ശവപ്പെട്ടിയുടെ കൈപ്പിടി, ചാക്ക് ആറ്റിൽ താഴ്ന്നുകിടക്കാനായി ഏറ്റവും അടിയിൽ വെച്ചിരുന്ന ഭാരമുള്ള കല്ല് എന്നിവയാണ് ചാക്കിൽ കണ്ടെത്തിയത്.
ആറ്റിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ശാസ്ത്രീയവും വിദഗ്ധവുമായ പരിശോധനകൾക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് കണ്ടെത്തിയ അവശിഷ്ടങ്ങൾ അയയ്ക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.